ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി രാഷ്‌ട്രീയ ബാല്‍ പുരസ്‌കാരം നേടിയ 49 കുട്ടികളെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല സാഹചര്യങ്ങളില്‍ പോരാടാന്‍ കുട്ടികൾ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുവെന്നും ഭാവിയിൽ കൂടുതൽ സത്കർമ്മങ്ങൾ ചെയ്യാൻ ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.
ജമ്മുകശ്‌മീർ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് കല, സാംസ്‌കാരികം, സാമൂഹികസേവനം, കായികം, ധൈര്യം എന്നീ മേഖലകളിൽ പുരസ്‌കാരത്തിനര്‍ഹരായത്. ജനുവരി 22ന് രാഷ്‌ട്രപതി റാംനാഥ് കോവിന്ദായിരുന്നു പുരസ്കാരം കുട്ടികൾക്ക് സമ്മാനിച്ചത്.
കല, സംസ്‌കാരം, സാമൂഹികസേവനം, കായികം, ധൈര്യം തുടങ്ങിയ മേഖലകളിൽ അസാധാരണമായ നേട്ടങ്ങളുള്ള ഏതൊരു കുട്ടിക്കും അവാർഡിന് അപേക്ഷിക്കാം. കൂടാതെ ഒരു കുട്ടിയുടെ മികച്ച നേട്ടത്തെക്കുറിച്ച് അറിയുന്ന ഏതൊരു വ്യക്തിക്കും കുട്ടിയെ അവാർഡിനായി ശുപാർശ ചെയ്യാം. ഓരോ അപേക്ഷയും ശ്രദ്ധാപൂർവം പരിഗണിച്ചതിന് ശേഷം ഉന്നതതല സമിതിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.