ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ മടക്കയാത്രയില്‍ യുപി സര്‍ക്കാര്‍ തരംതാഴ്‌ന്ന രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് 1000 ബസുകളാണ് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയത്. എന്നാല്‍ ബസുകള്‍ക്ക് അനുമതി നല്‍കുന്നതിന് യുപി സര്‍ക്കാര്‍ തരംതാഴ്‌ന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുര്‍ജേവാല പറഞ്ഞു.
നമുക്ക് ഭക്ഷണം കര്‍ഷകരാണ് നല്‍കുന്നതെങ്കില്‍ ഈ രാജ്യത്തെ നിര്‍മിച്ചത് തൊളിലാളികളാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗതാഗതം നിലച്ച സാഹചര്യത്തില്‍ അവരെ സംസ്ഥാനത്തേക്ക് തിരിച്ച് കൊണ്ടുവരുകയെന്നത് യോഗി സര്‍ക്കാരിന്‍റെ കടമയാണ്. അത് കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കാല്‍ നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരില്ലായിരുന്നു. എന്നാല്‍ അവര്‍ക്കായി കോണ്‍ഗ്രസ് പാര്‍ട്ടി ബസുകള്‍ ഏര്‍പ്പാടാക്കുമ്പോള്‍ യുപി സര്‍ക്കാര്‍ അത് തടസപ്പെടുത്തുകയാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
അതിഥി തൊഴിലാളികളുമായി എത്തിയ ബസുകള്‍ രാജസ്ഥാന്‍-യുപി അതിര്‍ത്തില്‍ പൊലീസ് തടഞ്ഞു. വാഹനങ്ങള്‍ തിരിച്ചു പോകാനും ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആഗ്രയിവും ഭരത്‌പൂരിലും കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി.