ലക്‌നൗ : രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശ് വഴി ബിഹാറിലേക്ക് പോകുന്നവർക്ക് എല്ലാ സുരക്ഷയും നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുമായി നടത്തിയ ചർച്ചയിലാണ് ബിഹാർ സ്വദേശികൾക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ തീരുമാനമായത്. ഇവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്‌ക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുടിയേറ്റ തൊഴിലാളികൾക്കായി മാനുഷിക അടിസ്ഥാനത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് സ്വദേശികളെയും ബിഹാറിലേക്ക് പോകുന്ന തൊഴിലാളികളെയും കൃത്യമായി പരിപാലിക്കുകയും ഈ വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി അയയ്ക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തിരുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പ് നൽകിയിരുന്നു.