വാഷിങ്ടൺ: കൊവിഡ് 19 ധനസഹായം 14 ബില്യൺ യുഎസ് ഡോളറായി ഉയർത്തുമെന്ന് ലോക ബാങ്ക് പ്രഖ്യാപനം. രാജ്യങ്ങളെയും കമ്പനികളെയും സഹായിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് പ്രാരംഭ പാക്കേജിൽ 12 ബില്യൺ യുഎസ് ഡോളറാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നൂറ്റിയിരുപതിലധികം രാജ്യങ്ങളെ ബാധിച്ച വൈറസിന്‍റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രഖ്യാപനം.
രോഗം നിയന്ത്രിക്കൽ, രോഗനിർണയം, ചികിത്സ എന്നിവ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യം വീണ്ടെടുക്കാനുള്ള ദേശീയ സംവിധാനങ്ങളെ ഈ പാക്കേജ് ശക്തിപ്പെടുത്തുമെന്നും സ്വകാര്യ മേഖലയെ പിന്തുണയ്ക്കുമെന്നും ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസ് പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി വേഗതയേറിയതും വഴക്കമുള്ളതുമായ സഹകരണത്തിന് ലോക ബാങ്ക് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. പിന്തുണാ പ്രവർത്തനങ്ങൾ ഇതിനകം നടക്കുന്നുണ്ടെന്നും ഇന്ന് അംഗീകരിച്ച വിപുലമായ ഫണ്ടിങ് ഉപകരണങ്ങൾ സമ്പദ്‌വ്യവസ്ഥകളെയും കമ്പനികളെയും ജോലികളെയും നിലനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.