ലഖ്‌നൗ: ഗ്രാമത്തില്‍ ശൗചാലയമില്ലാത്തതില്‍ പ്രതിഷേധിച്ച് സ്‌ത്രീകൾ പട്ടിണി കിടന്ന് പ്രതിഷേധിക്കുന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ ഗുർഗുജ ഗ്രാമത്തിലെ സ്‌ത്രീകളാണ് പട്ടിണി കിടന്ന് പ്രതിഷേധിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്‍റെ കീഴിൽ രാജ്യത്തുടനീളം ശൗചാലയങ്ങൾ നിർമിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ സ്‌ത്രീകൾ പട്ടിണി കിടക്കുന്നത്.
ഗുർഗുജ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളും ദിവസവേതനക്കാരാണ്. സ്വന്തമായി ശൗചാലയം നിർമിക്കാൻ സാമ്പത്തികശേഷി ഇല്ലാത്ത ഗ്രാമവാസികൾക്ക് സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ശൗചാലയം നിര്‍മാണത്തിന് അപേക്ഷ നല്‍കിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഭവന പദ്ധതികളുടെ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വീട് നിര്‍മാണത്തിനായി വെറും 2500 രൂപയാണ് സര്‍ക്കാര്‍ സഹായം ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും തകര്‍ന്ന വീടുകളിലാണ് താമസിക്കുന്നത്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അര്‍ഹരായവര്‍ക്ക് ശൗചാലയങ്ങൾ നിര്‍മിച്ച് നല്‍കുന്ന പദ്ധതികൾ ഉടൻ ലഭ്യമാക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഗജേന്ദ്ര കുമാർ പറഞ്ഞു.