ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രതിഷേധ റാലിക്കിടെ മുസ്ലിം സ്‌ത്രീകളെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്നാരോപിച്ച് ചൊവ്വാഴ്‌ച വിവിധ മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പ്രതിഷേധിച്ചു. ജന്ദര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പങ്കെടുത്തു.
'സ്വാതന്ത്യ്രത്തിനായി സ്‌ത്രീകളെ സ്വതന്ത്രരാക്കൂ' എന്ന മുദ്രവാക്യം മുഴക്കിയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്‌ച ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധ റാലിയില്‍ മുസ്ലീം വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് പൊലീസ് മര്‍ദ്ദിച്ചുവെന്നും ഈ പ്രതിഷേധം മുസ്ലീം സ്‌ത്രീകള്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തിനെതിരെയാണെന്നും പ്രതിഷേധ പരിപാടിയുടെ സംഘാടക ഇക്ര റാസ പറഞ്ഞു.
പ്രതിഷേധ റാലികളില്‍ പങ്കെടുക്കുക മാത്രമല്ല പലപ്പോഴും റാലികളെ നയിക്കുന്നതും സ്‌ത്രീകളാണ്. തങ്ങള്‍ക്ക് ഭയമില്ലെന്നും ജെഎന്‍.യു വിദ്യാര്‍ഥിയായ ഇഫാത്ത് ഖാന്‍ പറഞ്ഞു. മുസ്ലീം സ്‌ത്രീകളുടെ ഉന്നമനത്തിനായി മുത്തലാഖ് നിരോധിച്ചെന്ന് അവകാശപ്പെടുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് പൊലീസിനെ ഉപയോഗിച്ച് മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും ഇഫാത്ത് കൂട്ടിചേര്‍ത്തു. മുഖംമൂടി ധാരികള്‍ ജനുവരി അഞ്ചിന് ജെ.എന്‍.യു ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിലും മുസ്ലീംങ്ങളായിരുന്നു ലക്ഷ്യം. ഇത് പൗരന്മാര്‍ക്കും സര്‍ക്കാരിനും ഇടയിലുള്ള പോരാണ് . മറിച്ച് മുസ്ലീങ്ങളും സര്‍ക്കാരും മാത്രമടങ്ങുന്ന പ്രശ്‌നമാക്കരുതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.