ജഗദൽപൂർ: ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ 23കാരിയായ നക്സൽ യുവതി കീഴടങ്ങി. ഇവരുടെ തലയ്ക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മാവോയിസ്റ്റുകളുടെ ദർബ ഡിവിഷനിൽ സജീവമായിരുന്ന ദാസ്മി കുഹ്‌റാമി എന്ന നക്സൽ യുവതി മുതിർന്ന പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുമ്പാകെ കീഴടങ്ങിയതായി ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദരരാജ് പി പറഞ്ഞു.
2011 ൽ 13 വയസുള്ളപ്പോൾ നിയമവിരുദ്ധ സംഘടനയുടെ സാംസ്കാരിക വിഭാഗമായ ചേത്ന നാട്യ മാണ്ഡലിയിൽ (സിഎൻഎം) കുഹ്‌റാമിയെ ഉൾപ്പെടുത്തിയിരുന്നു. 2017ൽ മാവോയിസ്റ്റുകളുടെ കാറ്റെകല്യാൻ ഏരിയാ കമ്മിറ്റി അംഗമായി ഉയർത്തപ്പെടുകയും സിഎൻഎമ്മിന്‍റെ നോതാവാകുകയും ചെയ്തു.
2015 ഓഗസ്റ്റിൽ ദർബ പ്രദേശത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ ഉൾപ്പെടെ ബസ്തർ ജില്ലയിൽ നടന്ന എട്ട് ആക്രമണങ്ങളിൽ കുഹ്‌റാമിയുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2015 ൽ കോലെംഗ് ഗ്രാമത്തിൽ ജൻപാദ് പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്തിയതിലും ഇവർക്ക് പങ്കുണ്ട്.
കിരണ്ടൂളിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേന സംഘത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ അഞ്ച് സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. 2012 ൽ ഇവർ ഉൾപ്പെട്ട ഏറ്റുമുട്ടലിൽ ദന്തേവാഡ ജില്ലയിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഇവരുടെ തലക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
കീഴടങ്ങിയ മാവോയിസ്റ്റിന് 10,000 രൂപ പ്രോത്സാഹന തുക നൽകി. സറണ്ടർ-കം-റിഹാബിലിറ്റേഷൻ പോളിസി അനുസരിച്ച് കൂടുതൽ സഹായം നൽകുമെന്നും സുന്ദരരാജ് പി പറഞ്ഞു.
കൂടുതൽ മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് പ്രതീക്ഷിക്കുന്നതായും, മറ്റ് മാവോയിസ്റ്റുകളെയും കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതായും നക്സലൈറ്റ് നേതാവ് ഗണേഷ് , പപ്പാ റാവു എന്നിവർ ബസ്തറിലെ ചില പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന മറ്റ് പ്രാദേശിക കേഡർമാർ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്‍റെ പക്കലുണ്ടെന്ന് ഐ.ജി പറഞ്ഞു.
ദന്തേവാഡയിലെ ബൈലാദില പ്രദേശത്ത് ഗണേഷിനെ കണ്ടെത്തിയിട്ടുണ്ടെന്നും കൂടാതെ 20ലധികം സായുധ നക്സലൈറ്റുകളും അദ്ദേഹത്തോടൊപ്പം ഉള്ളതായും പൊലീസ് പറയുന്നു. ഇവരെ പിടികൂടാൻ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി സുന്ദരാജ് പി കൂട്ടിച്ചേർത്തു. മജ്‌കോട്ട് പ്രദേശത്തെ മാവോയിസ്റ്റുകളുടെ പ്രാദേശിക ഓർഗനൈസേഷൻ സ്‌ക്വാഡിന്‍റെ കമാൻഡറായ ജ്യേഷ്ഠൻ ലക്ഷ്മണിനോട് കീഴടങ്ങാൻ കുഹ്‌റാമി അഭ്യർഥിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.