ഗാന്ധിനഗർ: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ 26കാരി അനിതദേവി ഡിംപിൾ ബിന്ദാണ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ ഉമ്പർഗോവാനിലെ ആശുപത്രിയിൽ ഡിസംബർ 27നാണ് സംഭവം. മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് ഡ്യൂട്ടി ഡോക്‌ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും മുഖത്തും കഴുത്തിലും അടയാളങ്ങൾ കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഉമ്പർഗാവിലെ സാകേത് നഗർ പ്രദേശത്ത് താമസിക്കുന്ന ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണുള്ളത്. യുവതിയുടെ ഭർത്താവ് ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിലെ ജോലിക്കാരനാണ്. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും പൊലീസ് പറഞ്ഞു.