പൊള്ളാച്ചി: അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടു പോയ ഉദുമൽപേട്ട് സ്വദേശിനി മറിയാമ്മ (50) അറസ്റ്റിൽ. ആനമലയ്ക്കടുത്ത് നാരിക്കൽപാത്തി ഗ്രാമത്തിലെ ആദിവാസി ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടികൊണ്ടു പോയത്. പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
തന്‍റെ ഭർത്താവ് അതെ ആശുപത്രിയിൽ ചികിത്സയിലാണെന്നും തന്നെ കൂടെ നിർത്തിയാൽ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും സ്ത്രീ കുഞ്ഞിന്‍റെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുഞ്ഞിനൊപ്പം നിൽക്കാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സ്ത്രീ കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തയുടൻ തന്നെ ആശുപത്രി അധികൃതർ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും പൊള്ളാച്ചി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. പ്രതി കൊയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.