ബര്‍ധമാന്‍(പശ്ചിമ ബംഗാള്‍): പൗരത്വ ഭേദഗതി നിയമത്തെ ഭയന്ന് യുവതി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് സംഭവം. മുപ്പത്തിയാറുകാരിയായ ഷിപ്ര സിക്‌ദറിനെ ജാഗ്രാം ഏരിയയിലെ തെലി ഗ്രാമത്തിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിപ്രയുടെ ഭര്‍ത്താവ് വാന്‍ ഡ്രൈവറാണ്. ഒരു മകനും മകളുമുണ്ട്. മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗാരന്‍റി പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) യില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം ജീവിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് അംഗീകരിച്ചതു മുതല്‍ പിരിമുറുക്കവും ഭയവുമുണ്ടായിരുന്നതായി ഷിപ്രയുടെ സഹോദരന്‍ ബിപുല്‍ സിക്‌ദര്‍ പറഞ്ഞു.
ഷിപ്രയുടെ മകന് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും ജനനസര്‍ട്ടിഫിക്കറ്റും വോട്ടര്‍ ഐഡിയുമില്ലാതിരുന്നതിനാല്‍ മകനെ നാട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയപ്പെട്ടിരുന്നു. മകന് രേഖകള്‍ എടുക്കുന്നതിനായി ബിഡിഒ ഓഫീസില്‍ പോയിരുന്നെങ്കിലും അവ നേടാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കുടുംബത്തിന്‍റെ അവകാശവാദങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ നിഷേധിച്ചു. ഷിപ്രയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാല്‍ ഭര്‍ത്താവുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും അതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബിജെപി യുടെ പ്രാദേശിക പാര്‍ട്ടി നേതാവ് പറഞ്ഞു.