കൊവിഡ് പടരുന്നത് തടയുന്നതിനതിനായി ലോക രാഷ്‌ട്രങ്ങള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ്. ലോക്ക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ സ്വാഭാവികമായും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരുണ്ട്. ഇവരെ ഉപയോഗിപ്പെടുത്തിക്കൊണ്ടും വിനാശകാരിയായ ഈ മഹാമാരിയെ കുറിച്ചുള്ള പൊതു ജനങ്ങളുടെ ഭയങ്ങളും മുതലെടുത്ത് അതുവഴി പണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ് ലോകത്താകമാനമുള്ള സൈബര്‍ കുറ്റവാളി സംഘങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്നാഴ്‌ച മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാജ വെബ്‌സൈറ്റുകളുടെ ഒരു വിശദമായ പട്ടിക പുറത്തിറക്കിയിരുന്നു. ഇന്ന് പ്രസിദ്ധമായിരിക്കുന്ന കൊറോണവൈറസ് എന്ന വാക്കിന്‍റെ തുടക്കത്തിലോ അവസാനത്തിലോ മാപ്, റിയല്‍ടൈം, സ്റ്റാറ്റസ് തുടങ്ങിയ വാക്കുകള്‍ കൂട്ടി ചേര്‍ത്തുകൊണ്ടാണ് ഈ വെബ്‌സൈറ്റുകള്‍ കടന്നു വന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ കൊറോണ വൈറസിന്‍റെ പേരില്‍ 4000ത്തിലധികം വ്യാജ പോര്‍ട്ടലുകള്‍ വന്നുകഴിഞ്ഞുവെന്നാണ് ഇന്ത്യന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ ലഫ്റ്റനന്‍റ് ജനറല്‍ രാജേഷ് പന്ദ് പറയുന്നത്. കൊറോണ പരിപാലനത്തെയും വ്യാജ ചികിത്സകളെയും കുറിച്ച് ലക്ഷകണക്കിനു പൗരന്മാര്‍ക്ക് ദിവസേനയെന്നോണം സൈബര്‍ കുറ്റവാളികളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന ഇ-മെയിലുകളുടെ പശ്ചാത്തലത്തില്‍ യു എസ്, യു കെ സര്‍ക്കാരുകള്‍ പൗരന്മാരോട് ഇത്തരം ചതിക്കുഴികളില്‍ അകപ്പെടരുതെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡിന്‍റെ കടന്നു വരവോടു കൂടി സൈബര്‍ കുറ്റകൃത്യങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ പറയുന്നു. വീട്ടില്‍ അടച്ചു പൂട്ടിയിരിക്കുന്ന ജനങ്ങളുടെ ഭയം മുതലെടുത്തു കൊണ്ട് ലാഭകരമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വര്‍ധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ഡര്‍ ലെയന്‍സും പറഞ്ഞത് സ്ഥിതി ഗതികളുടെ ആഴം വ്യക്തമാക്കുന്നു. സൈബര്‍ കുറ്റവാളികള്‍ക്കെതിരെ സംയുക്തമായ ഒരു പോരാട്ടമാണ് 35 രാജ്യങ്ങളിലെ 300 ലധികം വരുന്ന സെക്യൂരിറ്റി പ്രൊഫഷണലുകള്‍ ചേര്‍ന്ന് നയിച്ചു വരുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വിശാലമായ പൗര ബോധവല്‍ക്കരണ തന്ത്രങ്ങളും അതാത് രാജ്യങ്ങളില്‍ ശക്തിപ്പെടുത്തി വരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 175 ലധികം രാജ്യങ്ങളില്‍ “വാണ ക്രൈ'' എന്ന പേരില്‍ സൈബര്‍ കുറ്റവാളികള്‍ ഒരു ഭീകരാക്രമണം തന്നെ അഴിച്ചു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ, ഉക്രൈന്‍, യു.എസ്, ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ സൈബര്‍ കുറ്റവാളികള്‍ ദശലക്ഷ കണക്കിന് ഡെബിറ്റ് കാര്‍ഡ് ഡാറ്റകള്‍ മോഷ്ടിച്ചെടുത്തതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് നിരവധി കേന്ദ്രങ്ങളുടെ വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തിനു വിധേയമായി.
ഇന്ന് ലോക്ക് ഡൗൺ മൂലം നിരവധി കമ്പനികളിലെ ജീവനക്കാര്‍ തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. വീടുകളിലുള്ള കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ജോലി സ്ഥലങ്ങളില്‍ ഉള്ളവയിലുള്ള പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവയല്ല എന്ന കാര്യം സത്യമാണ്. അതിനാല്‍ ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അശ്രദ്ധയോ അവഗണനയോ അല്ലെങ്കില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ഫിഷിങ്ങ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പാടില്ല. സൂം വീഡിയോ ആപ്പ് ഉപയോഗിച്ച് രണ്ട് കമ്പ്യുട്ടര്‍ പ്രൊഫഷണലുകളുടെ കമ്പ്യൂട്ടറുകള്‍ സൈബര്‍ കുറ്റവാളികള്‍ നിയമ വിരുദ്ധമായി ഹാക്ക് ചെയ്‌ത സംഭവം ഈയിടെ പുറത്തു വരുകയുണ്ടായി. ഇങ്ങനെ ഹാക്ക് ചെയ്‌തുകൊണ്ട് അവര്‍ ബിറ്റ് കോയിനുകള്‍ വഴി വന്‍ തുക ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തു വന്നു.
കൊറോണ വൈറസ് മാല്‍വെയറിന്‍റെ സഹായത്തോടെ സൈബര്‍ കുറ്റവാളികള്‍ കമ്പ്യൂട്ടറുകളില്‍ നിന്നും സ്‌മാര്‍ട്ട് ഫോണുകളില്‍ നിന്നും പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ഇങ്ങനെ തങ്ങള്‍ക്ക് ഇരകളാവുന്നവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഉടനടി മുഴുവന്‍ പണവും ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നു. 'ദി പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട്'' (പിഎം കെയേഴ്‌സ് ഫണ്ട്) എന്നതിനു ഏതാണ്ട് സമാനമായ പേരുള്ള നിരവധി ലിങ്കുകള്‍ ഈ അടുത്ത കാലത്തായി സൈബര്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ സൈബര്‍ കുറ്റവാളി സംഘത്തിന്‍റെ അപാരമായ കഴിവാണ് വ്യക്തമാക്കുന്നത്.
ഈ അടുത്ത കാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ ഗുജറാത്ത് സര്‍ക്കാരിന്‍റെ കൊവിഡിനെതിരെയുള്ള യുദ്ധത്തിന്‍റെ ഭാഗമായി 400 ദശലക്ഷം അമേരിക്കന്‍ ഡോളറിന് വില്‍ക്കാന്‍ ഒരാള്‍ നടത്തിയ ശ്രമത്തിനെതിരായി പൊലീസ് കേസെടുക്കുകയുണ്ടായി. സൈബര്‍ കുറ്റവാളികള്‍ നീട്ടുന്ന ഇരകളില്‍ ആകൃഷ്‌ടരായി പോകുന്ന നിഷ്‌കളങ്കരായ ജനങ്ങള്‍ അവര്‍ നല്‍കുന്ന ലിങ്കുകള്‍ ലോക്ക് ഡൗൺ കാലം കഴിയുന്നതുവരെ സൗജന്യമായി സിനിമകള്‍ കാണാമെന്ന പ്രതീക്ഷയോടെ മറ്റ് പലര്‍ക്കും അയച്ചു കൊടുക്കുന്നുണ്ട്. അതുപോലെ തന്നെയാണ് സൗജന്യ മൊബൈല്‍ റീചാര്‍ജ് എന്നു പറഞ്ഞു വരുന്ന ലിങ്കുകളും ആളുകള്‍ അയച്ചു കൊടുക്കുന്നത്. ഇതെല്ലാം കൂടുതല്‍ പേര്‍ സൈബര്‍ കുറ്റവാളികളുടെ കെണിയില്‍ വീഴുന്നതിനു കാരണമാകുന്നു. സര്‍ക്കാര്‍ സൈബര്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത്തരം സൈബര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുകയുള്ളൂ. അതേ സമയം തന്നെ നാശ നഷ്‌ടങ്ങള്‍ ലഘൂകരിക്കുന്നതിനായി സൈബര്‍ ലോക പൗരന്മാരും വ്യക്തിപരമായി സുരക്ഷാ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്.