ന്യൂഡൽഹി: പെട്രോൾ വില മാറ്റമില്ലാതെ തുടർന്നപ്പോൾ തിങ്കളാഴ്ച ഡീസലിന് വർധിച്ചത് 11 പൈസ. ഇതോടെ ദേശീയ തലസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലകൾ തമ്മിലുള്ള അന്തരം വർധിച്ചു. കഴിഞ്ഞ മാസം തന്നെ പെട്രോൾ വിലയെ ഡീസൽ വില മറികടന്നിരുന്നു.
രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഡീസൽ ലിറ്ററിന് 81.05 രൂപയാണ് വില. നേരത്തെ ലിറ്ററിന് 80.94 രൂപയായിരുന്നു. അതേസമയം പെട്രോൾ വില മാറ്റമില്ലാതെ ലിറ്ററിന് 80.43 രൂപയായി തുടരുന്നു. ഡൽഹി കൂടാതെ മറ്റ് മെട്രോ നഗരങ്ങളിലും ഡീസൽ വിലയിൽ നേരിയ വർധനവുണ്ട്.
ലോക്ക് ഡൗണിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം 9.5 രൂപയും 11.5 രൂപയും ഇതിനോടകം വർധിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഡീസൽ വില ഉയരുന്നതിന് മുമ്പ് കഴിഞ്ഞ ആഴ്ച പെട്രോൾ, ഡീസൽ വിലകളിൽ നാല് ദിവസത്തേക്ക് മാറ്റമുണ്ടായിരുന്നില്ല.