ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 95,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 1,172 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധയിൽ ജീവൻ നഷ്‌ടമാകുന്നവരുടെ ആകെ എണ്ണം 75,062 ആയി ഉയർന്നു. ആകെ 44,65,864 പോസിറ്റീവി കേസുകളിൽ 9,19,018 സജീവ കേസുകളാണുള്ളത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 34,71,784 ആണ്.
പുതുതായി 23,816 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,67,349 ആണ്. ഇതിൽ 2,52,734 സജീവകേസുകളും ഉൾപ്പെടുന്നു. മഹാരാഷ്‌ട്രയിൽ ഇതുവരെ രോഗം ഭേദമായത് 6,86,462 പേർക്കാണ്. അതേ സമയം, 27,787 രോഗികൾ കൊവിഡിന് കീഴടങ്ങി.
5,27,512 പോസിറ്റീവ് കേസുകളുള്ള ആന്ധ്രാ പ്രദേശിൽ 4,25,607 പേർ രോഗമുക്തി നേടിയപ്പോൾ 4,634 കൊവിഡ് ബാധിതർക്ക് ജീവൻ നഷ്‌ടമായി. ഇവിടുത്തെ സജീവകേസുകളുടെ എണ്ണം 97,271 ആണ്. രാജ്യതലസ്ഥാനത്ത് പുതുതായി 4,039 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ വൈറസ് രോഗികളുടെ എണ്ണം 2,01,174 ആയി.
കഴിഞ്ഞ ദിവസം പരിശോധിച്ച 11,29,756 സാമ്പിളുകൾ ഉൾപ്പടെ രാജ്യത്ത് മൊത്തം 5,29,34,433 സാമ്പിളുകളാണ് ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.