ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 26,506 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ 2,76,695 പേരാണ് ചികിത്സയിലുള്ളത്. 4,95,513 പേര്‍ക്ക് ഇതുവരെ കൊവിഡ് ഭോദമായി. 21,604 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,93,802 ആയി.
രാജ്യത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,30,599 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കും ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച മാത്രം 2,83,659 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ജൂലൈ ഒമ്പത് വരെ രാജ്യത്ത് 1,10,24,491 സാമ്പിളുകളാണ് പരിശോധിച്ചത്.