ലഖ്‌നൗ: കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബം. കമൽ-ഉദ്-ദിന്‍റെ മകൻ ഉൾപ്പെടെയുള്ള ചില ആൺകുട്ടികൾ സഹോദരിയെ ഉപദ്രവിക്കുന്നതിൽ വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് വിക്രം ജോഷിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മുഖ്യപ്രതിയെ പിടികൂടുന്നതുവരെ അമ്മാവന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും വിക്രമിന്‍റെ അനന്തരവൻ ആശിഷ് പറഞ്ഞു.
പൊലീസ് ഒന്നും ചെയ്യുന്നില്ല. അവർ അറസ്റ്റുചെയ്ത ഒമ്പത് പേരിൽ മൂന്നുപേരെ അനാവശ്യമായി അറസ്റ്റ് ചെയ്തതാണെന്നും കുടുംബം ആരോപിച്ചു. സഹോദരനെ കൊലപ്പെടുത്താൻ പൊലീസുകാർ ഒത്താശ ചെയ്തു കൊടുത്തതാണെന്നും സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സഹോദരന്‍റെ മരണത്തിന് ഉത്തരവാദിയെന്നും വിക്രം ജോഷിയുടെ സഹോദരി ആരോപിച്ചു. ചോട്ടു, കമാലുവിന്‍റെ മകൻ അഭിഷേക്, ആകാശ് ബിഹാരി, രവി ദിവാൻ എന്നിവരാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു.
ഗാസിയാബാദിലെ വിജയ് നഗറിൽ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റാണ് മാധ്യമപ്രവർത്തകൻ വിക്രം ജോഷി മരിച്ചത്. ബുള്ളറ്റ് പരിക്ക് മൂലം മാധ്യമപ്രവർത്തകന്‍റെ തലയിലെ ഞരമ്പുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.