ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അഴിമതിയും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്ലോബൽ ഇവന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യുപിയിലെ 200 ദശലക്ഷത്തിലധികം ആളുകൾക്ക് സുരക്ഷ നൽകുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്' സംസ്ഥാനത്തെ ക്രമസമാധാന പാലനം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി യോഗി ആദിത്യനാഥ് പറഞ്ഞു.
പകർച്ചവ്യാധിക്കിടയിൽ തൊഴിലാളികൾക്ക് അവരുടെ വീട്ടിലെത്താൻ അനുമതി നൽകിയത് മുതൽ യുപിയിൽ കുടിയേറ്റ തൊഴിലാളികളുടെ വൻതോതിലുള്ള പ്രവാഹം യുപിയിലേക്കുണ്ടായി. 'കൊവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നാല് ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ യുപിയിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ ആളുകൾക്ക് തൊഴിൽ നൽകാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ നടത്തിവരികയാണ്' യോഗി ആദിത്യനാഥ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങൾ അതിനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് എന്‍ആര്‍ഐകള്‍ പരമാവധി ശ്രമിക്കണമെന്നും ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി നിങ്ങള്‍ പ്രവർത്തിക്കണമെന്നും യോഗി പറഞ്ഞു. കൊവിഡ് ആരംഭിച്ചപ്പോൾ യുപിക്ക് ഒരു പിപിഇ കിറ്റോ എൻ 95 മാസ്ക് നിര്‍മാതാക്കളോ ഇല്ലായിരുന്നെന്നും എന്നാല്‍ ഇന്ന് കയറ്റുമതി വിപണിയെപ്പോലും സഹായിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശില്‍ എല്ലാ ദിവസവും 45,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.