ഡെറാഡൂൺ: നഗരങ്ങളിലുള്ളവർ തടസമില്ലാതെ ഇന്‍റർനെറ്റ് സേവനങ്ങൾ ആസ്വദിക്കുമ്പോൾ ഇന്‍റർനെറ്റ് സേവനത്തിനായി കിലോമീറ്ററോളം യാത്ര ചെയ്യുകയാണ് ഉത്തരാഖണ്ഡിലെ ഗ്രാമവാസികള്‍. വൈഫൈ ഇല്ലാത്തതല്ല ഇവരുടെ പ്രശ്നം. മറിച്ച് പ്രവർത്തിക്കാത്തതാണ്. രാഷ്ട്രീയക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ സന്ദർശിക്കുമ്പോൾ മാത്രമാണ് ''ഗെസ്"ഗ്രാമത്തില്‍ വൈഫൈ ലഭിക്കുന്നത്.
ഡിജിറ്റൽ ഗ്രാമം എന്ന ഖ്യാതി നേടാൻ ചമോലി ജില്ലയിലെ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമത്തിലേക്ക് കേന്ദ്ര സർക്കാരിന്‍റെ 'ഡിജി ഗാവൺ' പദ്ധതിയുടെ ഭാഗമായി വൈ-ഫൈ ചൗപാലിന് തുടക്കം കുറിച്ചിരുന്നു. സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ഇന്‍റർനെറ്റും ലഭ്യമാകുന്ന ഡിജിറ്റൽ ഗ്രാമത്തിനാണ് 'ഡിജി ഗാവൺ' പദ്ധതി ഊന്നൽ നൽകുന്നത് . എന്നാൽ ഈ പദ്ധതി തുടങ്ങിയ കുറച്ച് ദിവസങ്ങളിൽ മാത്രമാണ് ഇവിടെ സൗജന്യ വൈ-ഫൈ ലഭിച്ചത്. പിന്നീട് രാഷ്‌ട്രീയക്കാരോ സർക്കാരുദ്യോഗസ്ഥരോ ഗ്രാമത്തിലേക്ക് വരുമ്പോൾ മാത്രമാണ് ഇന്‍റർനെറ്റ് സേവനം ലഭിക്കുന്നതെന്ന് ഇവിടുത്തെ ഗ്രാമവാസികൾ പറയുന്നു.
ഇന്‍റർനെറ്റ് സേവനത്തിനായി നാല് കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇവിടുത്തെ ഗ്രമവാസികൾക്ക് . ഇന്ത്യയെ ഡിജിറ്റലാക്കുക എന് ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടരുന്ന 'ഡിജിറ്റൽ ഇന്ത്യ' പദ്ധതി വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോളാണ് ''ഗെസ്" ഗ്രാമത്തിലെ ദുരവസ്ഥ.