ജനീവ: മുംബൈ ധാരാവിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കർശനമായ നടപടികളോടൊപ്പം ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യവും ചേർത്തുകൊണ്ട് മഹാമാരിയെ നേരിടാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രോഗവ്യാപനം രൂക്ഷമാണെങ്കിലും നിയന്ത്രിക്കാൻ സാധിക്കുമെന്നുള്ള നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു. ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ധാരാവി എന്നിവിടങ്ങൾ അതിന്‍റെ ഉദാഹരണങ്ങളാണ്.
ധാരാവിയിൽ നിന്നും ഒമ്പത് കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. പ്രദേശത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,347 ആണ്. സാമൂഹിക അകലം പാലിക്കുക, പരിശോധന നടത്തുക, രോഗികളെ കണ്ടെത്തുക, ചികിത്സക്ക് വിധേയമാക്കുക എന്നീ അടിസ്ഥാനപരമായ നടപടിക്രമങ്ങൾ വ്യാപന സാധ്യത കുറക്കുമെന്ന് തെളിയിച്ചതായി യുഎൻ ഹെൽത്ത് ബോഡി ചീഫ് പറഞ്ഞു. നേതൃത്വം, പങ്കാളിത്തം, ഐക്യദാർഢ്യം എന്നിവയുടെ ആവശ്യകതയെക്കുറിച്ചും ലോകാരോഗ്യ സംഘടന മേധാവി സംസാരിച്ചു. ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,93,802 ആയി ഉയർന്നു. 2,76,685 പേർ ചികിത്സയിൽ തുടരുമ്പോൾ 4,95,513 പേർ രോഗമുക്തി നേടി. 21,604 പേർക്ക് ജീവൻ നഷ്‌ടമായി.