ന്യൂഡല്‍ഹി: വാട്സ് ആപ്പ് ഇന്ത്യക്കാരുടെ വിവരം ചോർത്തിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍. വാട്സ്ആപ്പ് അധികൃതര്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേന്ദ്ര സര്‍ക്കാരുമായി കൂടികാഴ്‌ച നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ വാട്സ് ആപ്പിലൂടെ ചോര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കൂടികാഴ്‌ചയുടെ വിവരം വാര്‍ത്തയായത്. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് ചോര്‍ത്തല്‍ നടന്നതെന്നാണ് ആരോപണം.
എന്നാല്‍ അന്ന് നടന്ന കൂടിക്കാഴ്‌ചയില്‍ സാങ്കേതിക വശങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നും, ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്‌തമാക്കി. വാട്‌സാപ്പ് മുഖേന വിവരം ചോര്‍ത്തിയ ഇസ്രയേല്‍ ചാരഗ്രൂപ്പ് പെഗാസസിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും കൂടിക്കാഴ്‌ചയിലുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
ഇസ്രയേൽ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻഎസ്ഒ എന്ന സൈബർ ഇന്‍റലിജൻസ് സ്ഥാപനം വികസിപ്പിച്ച ചാര സോഫ്റ്റ്‍വെയറുപയോഗിച്ചാണ് ആളുകളുടെ വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ വർഷം മേയിലാണ് പെഗാസസ് സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള സൈബർ ആക്രമണം പുറത്ത് വന്നത്. ആക്രമിക്കപ്പെട്ട ഫോണിന്‍റെ ക്യാമറയുടെയും മൈക്രോഫോണിന്‍റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്. മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമപ്രവർത്തകരുമടക്കം നിരവധിപേര്‍ ഈ സൈബർ ആക്രമണത്തിനിരയാക്കപ്പെട്ടിരുന്നു.
അതേസമയം സൈബർ ആക്രമണത്തിനെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സംരക്ഷിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.