കൊൽക്കത്ത: സ്‌ത്രീകളെ കടത്തിക്കൊണ്ടുവന്ന് വേശ്യാവൃത്തി നടത്തുന്ന സംഘത്തിലെ നാല് പേർ അറസ്റ്റിലായി. മാഡി നായക്, ഉമാദേവി, സാനു തമാങ്, ബൈജയന്തി എന്നിവരാണ് പൂനെയില്‍ അറസ്റ്റിലായത്. പൂനെയിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ കടത്തിക്കൊണ്ട് വന്ന 25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്‌തമാക്കി.
പിടിയിലായ പ്രതികൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറൂയിപൂരിൽ നിരവധി കേസുകളിലും പ്രതികളാണെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്‌ടർ കകാലി ഘോഷ് കുണ്ടുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. ഇന്‍റർനാഷണൽ ജസ്റ്റിസ് മിഷൻ എന്ന എൻജിഒയും അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. പൂനെ പൊലീസും പശ്ചിമ ബംഗാൾ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.