ന്യൂഡല്‍ഹി: കൊടും ചൂടിൽ ചുട്ട് പഴുക്കുകയാണ് രാജ്യ തലസ്ഥാനം. 48 ഡിഗ്രി താപനിലയാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 30.2 ഡിഗ്രിയും രേഖപ്പെടുത്തി. ജൂണിൽ ഡൽഹിയിൽ അനുഭവപ്പെടുന്ന എക്കാലത്തേയും ഉയർന്ന ചൂടാണിത് . 2016ൽ രേഖപ്പെടുത്തിയ 47.8 ഡിഗ്രിയാണ് ഇതിന് മുമ്പ് ഡൽഹിയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ തലസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മുതൽ ചെറിയ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിക്ക് പുറമെ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.