ഗാന്ധിനഗര്‍: എ.ഐ.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി ഗുജറാത്ത് സന്ദര്‍ശനത്തിനായി സൂറത്ത് വിമാനത്താവളത്തിലെത്തി. നൂറുകണക്കിന് പേരാണ് ഒവൈസിയെ സ്വീകരിക്കാനെത്തിയത്. ഇന്ന് ഭരുച്ചിലും അഹമ്മദാബാദിലും നടക്കുന്ന റാലികളെ ഒവൈസി അഭിസംബോധന ചെയ്യും.
ബിടിപിയുമായി (ഭാരതീയ ട്രൈബൽ പാർട്ടി) സഖ്യം രൂപീകരിച്ച് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഒവൈസി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ജനങ്ങൾ ഞങ്ങളെ സ്വീകരിക്കും. ജനങ്ങൾ ഞങ്ങളെ സ്നേഹത്തോടും പ്രാർത്ഥനയോടും അനുഗ്രഹിക്കും. ഞങ്ങൾ ആദ്യമായി ഇവിടെ ഇത്രയധികം സീറ്റുകളില്‍ മത്സരിക്കുന്നത്. ഗുജറാത്തിലെ ജനങ്ങളുടെ ഹൃദയം നേടാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ഒവൈസി പറഞ്ഞു.
അഹമ്മദാബാദില്‍ എ.ഐ.ഐ.എം സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും മത്സരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ആദ്യമായാണ് ഞങ്ങള്‍ ഇവിടെ എത്തുന്നതെന്നും ഇപ്പോള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനില്ലെന്നും ഒവൈസി പ്രതികരിച്ചു. പടിപടിയായി സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശക്തിയാര്‍ജിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.