ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലിസും ഏറ്റുമുട്ടിയ കേസ് പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിധി വന്നതിന് ശേഷമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ് കേസ് ഇപ്പോള്‍ ഹൈക്കോടതിയിലുള്ളത്. അതുകൊണ്ട് തന്നെ അവരുടെ വിധി വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. എന്നാല്‍ കേസില്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിട്ടില്ല. പിന്നീട് വാദം കേള്‍ക്കാനായി മാറ്റിവെക്കുകയായിരുന്നു .
കോടതി വളപ്പില്‍ സംഘര്‍ഷമുണ്ടായതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി.എസ് മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഇതുവരെ ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച രേഖകള്‍ മണി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്ക് ശേഷം മാത്രമേ കൂടുതല്‍ നടപടി ക്രമങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. കേസില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളും സുപ്രീംകോടതിയിലെത്തിയിരുന്നു.
നവംബര്‍ 2നാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ഡല്‍ഹി പൊലീസും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടുണ്ടായ വെടിവെപ്പില്‍ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിച്ചേര്‍ന്നത്.