ന്യൂഡല്‍ഹി: 'ഭാരതീയ പോഷണ്‍ ഗാനം' ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പുറത്തിറക്കി. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ഇന്ത്യയെ പോഷകാഹാരക്കുറവില്ലാത്ത രാജ്യമാക്കി മാറ്റുകയെന്ന സന്ദേശം രാജ്യത്തിന്‍റെ നാനഭാഗത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഗാനം പുറത്തിറക്കിയത്. പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി രചിച്ച ഗാനം ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു.
2016-18 ലെ ദേശീയ പോഷകാഹാര സർവേ പ്രകാരം ഇന്ത്യയിലെ അഞ്ച് വയസിന് താഴെയുള്ള 34.7 ശതമാനം കുട്ടികളും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നവരാണെന്ന വസ്‌തുത ആശങ്കാജനകമാണെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ഓരോ കുട്ടിക്കും മികച്ച ബാല്യം സമ്മാനിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ഇന്ത്യയെ പോഷകാഹാരക്കുറവ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ചിൽ 'പോഷണ്‍ അഭിയാൻ' അഥവാ ദേശീയ പോഷകാഹാര പദ്ധതിക്ക് തുടക്കമിട്ടിരുന്നു.