ന്യൂഡൽഹി: 10 സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശിൽ 28, ഗുജറാത്തിൽ എട്ട്, ഉത്തർപ്രദേശ് ഏഴ്, ഒഡീഷ, നാഗാലാൻഡ്, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും, ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഒരു സീറ്റിൽ വീതവും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ സമയം വ്യത്യസ്തമാണ്. കൊവിഡ് പോസിറ്റീവായ വോട്ടർമാർക്ക് അവസാന മണിക്കൂറിൽ പ്രത്യേകം വോട്ടുചെയ്യാൻ അനുവാദമുണ്ട്. നവംബർ 10ന് വോട്ടെണ്ണൽ നടക്കും. വോട്ടർമാർ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് വോട്ടുചെയ്യാൻ ബിജെപി ഉത്തർപ്രദേശ് യൂണിറ്റ് മേധാവി സ്വതന്ത്ര ദേവ് സിങ്ങ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
25 എംഎൽഎമാരുടെ രാജിയും മൂന്ന് നിയമസഭാംഗങ്ങളുടെ മരണത്തെയും തുടർന്നാണ് മധ്യപ്രദേശിലെ 28 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വർഷം മാർച്ചിൽ 22 കോൺഗ്രസ് എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി നാലാം തവണയും അധികാരമേറ്റു.
ബറോഡ ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ജനങ്ങളോട് അഭ്യർഥിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദുരാജ് നർവാളിനെതിരെ ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തയെ ബറോഡയിൽ ബിജെപി വീണ്ടും കളത്തിലിറക്കി. സിറ്റിംഗ് കോൺഗ്രസ് എംഎൽഎ കൃഷ്ണ ഹൂഡയുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.