അമരാവതി: ആന്ധ്രാപ്രദേശിൽ എസ്‌ബിഐ എടിഎം കവർച്ച കേസിൽ ആറ് പേർ പിടിയിലായതായി പൊലീസ്. 13 അംഗ കവർച്ച സംഘത്തിലെ ബാക്കി ഏഴ് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂലൈ നാല് മുതൽ ഓഗസ്റ്റ് 21 വരെ 12 എടിഎമ്മുകളിൽ നിന്നായി പ്രതികൾ 419 തവണ ഇത്തരത്തിൽ പണം തട്ടിയെന്നും 41,50,500 രൂപ കൊള്ളയടിച്ചെന്നും പൊലീസ് പറഞ്ഞു.
വിജയവാഡയിൽ നിന്ന് ഹരീഷ് ഖാൻ, അബ്ദുല്ല ഖാൻ നാസിം അഹമ്മദ്, ഫാറൂഖ് എന്നിവരും ഹരിയാനയിലെ മേവാത്തിയിൽ നിന്ന് നിയാസ് മുഹമ്മദ്, വാഹിദ് ഖാൻ എന്നീ പ്രതികളുമാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 13 അംഗ സംഘം അവരുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വകാര്യ ബാങ്ക് എടിഎം കാർഡുകൾ ശേഖരിക്കുകയും സുരക്ഷ ഉദ്യോഗസ്ഥരില്ലാത്ത എസ്‌ബിഐ എടിഎം കൗണ്ടറുകൾ വഴി പണം തട്ടുകയുമാണ് ഉണ്ടായാത്. എസ്‌ബിഐ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അവർ മെഷീന്‍റെ പവർ വിച്ഛേദിക്കുകയും പണം നേരിട്ട് യന്ത്രത്തിന്‍റെ സഹായം കൂടാതെ എടുക്കുകയും ചെയ്യും. ശേഷം അത്തരത്തിൽ കൊള്ളയടിച്ച പണം എടിഎം കാർഡ് ഉടമകളുമായി പങ്കുവെക്കും.
എസ്‌ബിഐ എടിഎമ്മുകളിൽ പണം പിൻവലിക്കുമ്പോൾ വൈദ്യുതി വിതരണം തടസ്സപ്പെടുകയാണെങ്കിൽ, ഉപഭോക്താവിന് സ്വമേധയാ പണം പിൻവലിക്കാം. എസ്‌ബിഐ എടിഎമ്മുകളുടെ നിരീക്ഷിക്കുന്ന വകുപ്പ് വൈദ്യുതി തകരാറിന് പിന്നിലെ യഥാർത്ഥ കാരണം ശ്രദ്ധിക്കാതെ ഉടൻ തന്നെ വൈദ്യുതി ബന്ധം പുനരാരംഭിക്കുന്നു. ഇത് മുതലെടുത്താണ് 13 അംഗ സംഘം സുരക്ഷാ ഉദ്യോഗസ്ഥന്‍റെ അസാന്നിധ്യത്തിൽ എടിഎം കൗണ്ടറുകളിൽ നിന്ന് പണം തട്ടിയിരുന്നത്.