വാഷിങ്ടണ്‍ സിറ്റി: മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. "ജെയ്‌ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസ്ഹറിന്‍റെ വിഷയത്തില്‍ പിന്തുണച്ച മുഴുവന്‍ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കന്‍ നയതന്ത്രത്തിന്‍റെ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിരെ നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിന്‍റെ കൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാല്‍വെപ്പുകൂടിയാണ്", എന്ന് പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
ഇത്ര കാലവും മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാന്‍ ചൈന ഒരുക്കമല്ലായുരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം ചൈനയുടെ നിലപാടോടുകൂടിയാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. 10 വര്‍ഷത്തിനു ശേഷം തടസവാദം നീക്കിയ ചൈനയുടെ നടപടി ഉചിതമായ കാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചു. തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വെറും വാചകമടി മാത്രമല്ലെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈന തിരിച്ചറിഞ്ഞെന്നും വൈറ്റ് ഹൗസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.