ന്യൂഡല്‍ഹി: ലൗ ജിഹാദിനെതിരെ നിയമം വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ട് വിഎച്ച്പി. ഹരിയാനയിലെ 21വയസുകാരി യുവതിയുടെ കൊലപാതകം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഇന്‍റര്‍നാഷണല്‍ ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച സുരേന്ദ്ര ജെയിന്‍ മതപരിവര്‍ത്തനം, ലൗ ജിഹാദ് എന്നിവ തടയുന്ന നിയമം കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ മേവാതിലും, ഗുരുഗ്രാമിലുമായി നിരവധി പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയതെന്നും വ്യക്തമാക്കി.
മുസ്ലീങ്ങളല്ലാത്തവരുടെ ആത്മാഭിമാനത്തിനെതിരെയും, രാജ്യത്തിന്‍റെ സുരക്ഷക്കെതിരെയുമുള്ള ആക്രമണമാണിതെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു. ബല്ലാബര്‍ഗില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാനുള്ള കടമ സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രത്യേക അന്വേഷണം മാത്രം പോരെന്നും നുണ പറയുന്ന പൊലീസ് ഓഫീസര്‍ക്കെതിരെയും നടപടി വേണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു. ബല്ലാബ്‌ഗറിലെ കോളജില്‍ പരീക്ഷയ്‌ക്കായി എത്തിയ യുവതിയെയാണ് രണ്ട് പേര്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുകയും എതിര്‍ക്കുന്നതിനിടെ യുവതിയെ വെടിവെക്കുകയും ചെയ്‌തത്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കേസില്‍ പ്രതികളായ തൗസീഫ്, കൂട്ടാളി രേഹന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.