ഇന്‍ഡോര്‍: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്ന് മുതിര്‍ന്ന നടിയായ ഷബാന ആസ്മി പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരെയും ബോധിപ്പിക്കാന്‍ ഒരു സര്‍ട്ടിഫിക്കറ്റിന്‍റേയും ആവശ്യമില്ലെന്നും ഷബാന പറഞ്ഞു. "നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കായി നമ്മള്‍ കുറവുകൾ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ എങ്ങനെ മെച്ചപ്പെടും? പക്ഷേ സർക്കാരിനെ വിമർശിച്ചാൽ നമ്മള്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു. ഭയപ്പെടേണ്ട, ആർക്കും അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല, ”എന്നും ഷബാന ആസ്മി പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആനന്ദ് മോഹന്‍ മാത്തുര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കുന്തി മാത്തുര്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഷബാന.
നമ്മള്‍ ഒരു മിശ്രമായ സംസ്കാരത്തിലാണ് വളർന്നത്. നാം സാഹചര്യത്തിനെതിരെ പോരാടണം, അതിനുമുമ്പിൽ മുട്ടുകുത്തരുത്. ഇന്ത്യ ഒരു മനോഹരമായ രാജ്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏതൊരു ശ്രമവും ഈ രാജ്യത്തിന് നല്ലതല്ല, എന്നും അവർകൂട്ടി ചേര്‍ത്തു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, ഭാര്യ അമൃത സിഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.