ജയ്പൂര്‍: രാജസ്ഥാനിലെ ജലാവറിൽ നിന്ന് ഹൈദരാബാദിലേക്ക് അതിഥി തൊഴിലാളികളുമായി വന്ന വാഹനം മറിഞ്ഞ് ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാഹനം റോഡിന് സമീപത്തുള്ള കലുങ്കിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഗുൽഖേഡി ഗ്രാമത്തിനടുത്താണ് സംഭവം നടന്നതെന്ന് ഗട്ടോലി സ്റ്റേഷൻ ഇൻ ചാർജ് നായിനു റാം മീന പറഞ്ഞു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന് വലിയ തോതിൽ തകരാറുണ്ടായതായും വലിയ അപകടം ഒഴിവായെന്നും പ്രദേശവാസികൾ പറഞ്ഞു.
ലോക്ക് ഡൗൺ ഇളവിൽ ഫാക്ടറി പ്രവർത്തനങ്ങൾ പുനരാരംഭിച്ച വിവരം അറിഞ്ഞ് തൊഴിലാളികൾ ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റ ജയറാം, രാംചന്ദ്ര, ഗോവിന്ദ്, ഓംപ്രകാശ്, ഡ്രൈവർ പുഖ്‌രാജ് എന്നിവരെയാണ് ജലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന സുരേന്ദ്ര കുമാർ, രാജേഷ്, മുകേഷ്, ദയാറാം എന്നിവരെ അഖ്ലേര ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായ് പൊലീസ് പറഞ്ഞു.