തെലങ്കാന: ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നും 263 ഇന്ത്യൻ പൗരന്മാരുമായി രണ്ട് വിമാനങ്ങൾ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിലാണ് ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് IX 244 ബുധനാഴ്ച രാത്രി 184 യാത്രകാരുമായി ഹൈദരാബാദിൽ എത്തിയത്. സൗദി അറേബ്യയിലെ ദമാമിൽ നിന്ന് എയർ ഇന്ത്യ വിമാനം AI 1910, 79 യാത്രക്കാരുമായി ബുധനാഴ്ച രാത്രി 10.48 ന് ഹൈദരാബാദിൽ എത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശ പ്രകാരം 14 ദിവസത്തെ ക്വാറന്‍റൈനായി യാത്രക്കാരെ നഗരത്തിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വിമാനത്താവളത്തിലെ എയ്‌റോബ്രിഡ്ജ് മുതൽ എത്തിച്ചേരൽ പാതയിലേക്കുള്ള മുഴുവൻ ഭാഗവും പൂർണ്ണമായും ശുചിത്വവത്കരിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു.
എയ്റോബ്രിഡ്ജ് മുതൽ ടെർമിനൽ വരെ യാത്രക്കാർക്കിടയിലുള്ള സാമൂഹിക അകലം നടപ്പിലാക്കി. എല്ലാ യാത്രക്കാരെയും വിമാന ജീവനക്കാരെയും 20-25 പേർ വീതമുള്ള ബാച്ചായിട്ടാണ് പുറത്തെത്തിച്ചത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷം സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ യാത്രക്കാരെ ഇമിഗ്രേഷൻ ക്ലിയറൻസിലേക്ക് കൊണ്ടുപോയി. യാത്രക്കാരും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും തമ്മിലുള്ള വ്യക്തിപരമായ സമ്പർക്കം ഒഴിവാക്കാൻ ഇമിഗ്രേഷൻ കൗണ്ടറിൽ ഗ്ലാസ് ഷീൽഡുകൾ നൽകി. ഓരോ കൗണ്ടറും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നു. വിമാനത്താവളം ക്രമീകരിച്ച പ്രകാരം എല്ല ബാഗേജും അണുവിമുക്തമാക്കി.