ലക്നൗ: കേന്ദ്രത്തിൽ നിർണായക സ്വാധീനമുളള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇത്തവണ ഉത്തർപ്രദേശില്‍ മികച്ച മുന്നേറ്റം തന്നെയാണ് ബിജെപി നടത്തിയതും. അതേസമയം ബിജെപിയെ തറപറ്റിക്കാൻ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ഒറ്റക്കെട്ടായി നിന്നെങ്കിലും ബിജെപിയുടെ വിജയം തടയാന്‍ അവർക്കായില്ല. 80 ല്‍ 60 സീറ്റുകളിലും വിജയം ഉറപ്പിച്ച് ബിജെപി മുന്നേറിയപ്പോൾ 17 സീറ്റുകളില്‍ മാത്രമാണ് എസ്പി- ബിഎസ്പി സഖ്യം മുന്നിട്ട് നിന്നത്.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്കും ലക്നൗവിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രണ്ടരലക്ഷത്തോളം വോട്ടുകൾക്കുമാണ് വിജയിച്ചത്. 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരം കൂടിയായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ 55,120 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സീറ്റ് ഉറപ്പിച്ചത്. അസംഗർ മണ്ഡലത്തിൽ മത്സരിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നാൽപ്പത്തയ്യായിരം വോട്ടിനും വിജയിച്ചു.