ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോൻപൂര്‍ ഗ്രാമത്തില്‍ നിന്ന് വിക്ടോറിയൻ കാലഘട്ടത്തിലെ ഏഴ് വെള്ളി നാണയങ്ങൾ കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ ജെസിബി ഉപയോഗിച്ച് മണ്ണ് നികത്തുന്നതിനിടെയാണ് ഭൂവുടമ മോത്തി ലാലിന് നാണയങ്ങൾ ലഭിക്കുന്നത്. നാണയങ്ങൾ കളിമൺ കലത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നാണയത്തിന്‍റെ അവകാശത്തെച്ചൊല്ലി ജെസിബി ഡ്രൈവർ ചന്ദൻ യാദവും മോതി ലാലും തമ്മില്‍ വഴക്കായി. ഇരുവരും തമ്മിലുള്ള തര്‍ക്കം അക്രമാസക്തമാവുകയും ആളുകൾ തടിച്ച് കൂടുകയും ചെയ്‌തു. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
നാണയങ്ങൾ തന്‍റെ മുത്തശ്ശിയുടേതാണെന്നും 1936ലെ വെള്ളപ്പൊക്കത്തിൽ ഇവിടെയുണ്ടായിരുന്ന വീട് ഒഴുകിപ്പോയതാണെന്നും മോത്തിലാല്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് ഇയാളുടെ വാദം തള്ളിക്കളയുകയും നാണയങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. തുടർന്ന് നാണയങ്ങൾ പുരാവസ്‌തു ഗവേഷണത്തിനായി സാംസ്‌കാരിക വകുപ്പിന് കൈമാറി.