ലഖ്‌നൗ: അവിഹിതം ആരോപിച്ച് ഭാര്യയുടെ തല വെട്ടിയെടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. അയല്‍ വാസിയുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയിച്ച് ചിന്നാർ യാദവ് എന്നയാൾ അയല്‍വാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അയല്‍വാസി ഓടി രക്ഷപെട്ടു. അതിനു ശേഷം ചിന്നാർ യാദവ് ഭാര്യ വിംലയെ വെട്ടാൻ ശ്രമിച്ചെങ്കിലും അവർ ബന്ധുവീട്ടിലേക്ക് ഓടിക്കയറി.
ബന്ധുവീട്ടിലെത്തിയ ചിന്നാർ യാദവ് ഭാര്യയുടെ തല വെട്ടിയെടുക്കുകയായിരുന്നു. അതിനു ശേഷം വെട്ടിയെടുത്ത തലയുമായി ചിന്നാർ യാദവ് ബാബേരു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെട്ടിയെടുത്ത തലയുമായി പ്രതി റോഡിലൂടെ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.