ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. മഹോബ ജില്ലയിലെ അജിനാര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് പ്രകോപിതരായ നാട്ടുകാര്‍ കല്ലെറിഞ്ഞത്. ദിവസങ്ങളായി വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ആളുകള്‍ ആക്രമണത്തിന് മുതിര്‍ന്നത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് അജിനാര്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി വൈദ്യുതി മുടങ്ങിയിരുന്നു.
ജൂനിയര്‍ എഞ്ചിനീയറടങ്ങുന്ന വൈദ്യുത വകുപ്പിലെ സംഘം അറ്റകുറ്റപണികള്‍ നടത്തിവരുന്നതിനിടെ ഒരാള്‍ ഇവരെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്‌തു. ഇതിനിടെ ഗ്രാമീണര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് മൊഹബ പൊലീസ് സുപ്രണ്ട് മണിലാല്‍ പടിദര്‍ പറഞ്ഞു. കേസിലുള്‍പ്പെട്ട ശേഷിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഗ്രാമീണര്‍ നശിപ്പിച്ചിട്ടുണ്ട്.