മാംഗ്ലൂര്‍: മത്സരം ചെളിക്കണ്ടത്തിലാണെങ്കിലും ഏറ്റുമുട്ടുന്നത് സാക്ഷാല്‍ ഉസൈൻ ബോൾട്ടിനോടാണ്. കർണാടകയിലെ പരമ്പരാഗത കാളയോട്ട മത്സരമാണ് ഉസൈൻ ബോൾട്ടിനൊപ്പം പേര് ചേർത്ത്, ഇപ്പോൾ ലോക ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ ദിവസം, ലോകത്തിലെ അതിവേഗ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന പ്രകടനം കാഴ്‌ചവെച്ച് കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ ശ്രദ്ധ നേടിയതോടെയാണ് കമ്പളയോട്ടം പ്രശസ്സമാകുന്നത്. ഇപ്പോഴിതാ ശ്രീനിവാസ ഗൗഡയെ മറികടന്ന് മറ്റൊരു കമ്പളയോട്ടക്കാരന്‍ കായിക ലോകത്ത് പ്രശസ്തിയിലേക്ക് കയറുകയാണ്. ഉഡുപ്പി സ്വദേശി നിഷാന്ത് ഷെട്ടിയാണ് പുതിയ റെക്കോര്‍ഡിനുടമ. 143 മീറ്റര്‍ ദൂരം 13.31 സെക്കന്‍റില്‍ തന്‍റെ കാളയ്‌ക്കൊപ്പം ഓടിത്തീര്‍ത്ത നിഷാന്ത് ഷെട്ടി 142.50 മീറ്റർ ദൂരം 13.62 സെക്കന്‍റില്‍ പൂര്‍ത്തിയാക്കിയ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി. നൂറ് മീറ്റര്‍ ഓട്ടത്തിലെ ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഓടിത്തീര്‍ത്തത് 9.58 സെക്കന്‍റിലാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 9.52 സെക്കന്‍റിലാണ് നിഷാന്ത് ഷെട്ടി ചെളിക്കണ്ടത്തിലെ നൂറ് മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 9.55 സെക്കന്‍റിലാണ് ശ്രീനിവാസ ഗൗഡ ഈ ദൂരം കടന്നത്. ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കമ്പള. കേരളത്തിലെ കാളയോട്ടത്തിന് സമാനമായി, ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന മത്സരം നവംബർ മുതൽ മാർച്ച് വരെയാണ് നടത്താറുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പേരാണ് ശ്രീനിവാസയുടെ പ്രകടനത്തെ പുകഴ്‌ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ശ്രീനിവാസക്ക് വേണ്ടി സ്‌പോര്‍ട്‌സ് അതോറിറ്റിയോട് കായികപരിശോധനക്ക് ശുപാര്‍ശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ ശ്രീനിവാസയുടെ കഴിവ് പരിശോധിക്കുമെന്നും കായിക പ്രതിഭകൾക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. എന്നാല്‍ സായി നടത്താനിരുന്ന ട്രയല്‍സില്‍ ശ്രീനിവാസ ഗൗഡ പങ്കെടുത്തിരുന്നില്ല. ഇതേ അഭിനന്ദനങ്ങള്‍ വരും ദിവസങ്ങളില്‍ നിഷാന്ത് ഷെട്ടിയെയും തേടിയെത്തുമെന്നതില്‍ സംശയമില്ല. ചെളിക്കണ്ടത്തിലെ പ്രകടനം ട്രാക്കിലും ആവര്‍ത്തിച്ചാല്‍ നൂറ് മീറ്റര്‍ ഓട്ടമത്സരത്തിലെ ലോക കിരീടം ഇന്ത്യയിലേക്കെത്തും