ലക്‌നൗ: ഉത്തർപ്രദേശിലെ മിറാൻപൂരിൽ വനിതാ സബ് ഇൻസ്‌പെക്‌ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്‌ടർ സന്ദീപ് ചൗഹാനെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ആരോപണ വിധേയനായ പൊലീസ് ഇൻസ്‌പെക്‌ടറും യുവതിയും തമ്മിൽ മുമ്പ് വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹ നിശ്ചയ ദിവസം യുവതിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപ ഇൻസ്‌പെക്‌ടർ സ്വീകരിച്ചിരുന്നു. പിന്നീട് ഖാസിയാബാദിലെ ഭോപ്പുര ഗ്രാമത്തിലുള്ള ഇൻസ്‌പെക്‌ടറുടെ വീട്ടിൽ കഴിഞ്ഞ വർഷം മാർച്ചിൽ യുവതി എത്തുകയും രണ്ട് തവണകളായി പീഡിപ്പിക്കുകയും ചെയ്‌തു. ഈ വർഷം ഏപ്രിൽ 21ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വീണ്ടും സ്‌ത്രീധനമായി 10 ലക്ഷം രൂപയും ഒരു കാറും നൽകണമെന്ന് ഇൻസ്‌പെക്‌ടർ ആവശ്യപ്പെട്ടപ്പോൾ യുവതി നൽകാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് ഇൻസ്‌പെക്‌ടർ വിവാഹത്തിൽ നിന്ന് പിന്മാറുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.