ലക്നൗ: ഉത്തർപ്രദേശിലെ 9.5 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് വേണ്ടി യുപി സർക്കാർ ഇന്ത്യൻ ഇൻഡസ്ട്രീസ് അസോസിയേഷനും (ഐഐഎ) ദേശീയ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്‍റ് കൗൺസിലുമായി (നരെഡ്കോ) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) 200,000 തൊഴിലാളികളെ നിയമിക്കാൻ സഹായിക്കും. ദേശീയ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്‍റ് കൗൺസിലും 2.5 ലക്ഷം പേർക്ക് ജോലി നൽകാമെന്നും ഉറപ്പ് നല്‍കി. കൂടാതെ എംഎസ്‌എംഇകളിൽ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) അഞ്ച് ലക്ഷത്തോളം അതിഥി തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഐഐഎയുമായും ധാരണയായി.
യുപിയിൽ 26 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് തിരികെയെത്തിയത്. സംസ്ഥാനത്തിന്‍റെ ഇടപെടലുകളെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നല്‍കാമെന്ന് അറിയിച്ച് കൊണ്ട് നരെഡ്കോ ഈ ആഴ്‌ച ആദ്യം യുപി സർക്കാരിന് കത്തെഴുതിയിരുന്നു. നിര്‍ത്തി വെച്ച പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരിന്‍റെ സഹായം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് ധാരണാപത്രം സഹായിക്കുമെന്ന് സർക്കാർ വക്താവ് പറഞ്ഞു. അതേസമയം അതിഥി തൊഴിലാളികൾക്ക് ഹ്രസ്വകാല പരിശീലനമോ അപ്രന്‍റീസ്ഷിപ്പോ ഏജൻസികൾ ഉറപ്പാക്കും. തൊഴിലാളികൾക്ക് അപ്രന്‍റീസ്ഷിപ്പ് അലവൻസ് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.