ലഖ്നൗ: സ്വന്തം പ്രദേശത്തിന്‍റെ പേര് കാരണം അവഗണിക്കപ്പെടുകയും വേർതിരിക്കപ്പെടുകയുമാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ 'പാകിസ്ഥാൻ വാലി ഗലി'യിലെ ജനങ്ങൾ. തങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ പോലും പ്രദേശത്തിന്‍റെ പേരിനെ തുടർന്ന് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ തുടർന്ന് സ്ഥലത്തിന്‍റെ പേര് മാറ്റണമെന്ന് പ്രദേശവാസികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും അഭ്യർഥിച്ചു.
ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് പാകിസ്ഥാനിൽ നിന്ന് ചിലർ ഈ പ്രദേശത്ത് വന്ന് സ്ഥിരതാമസമാക്കിയതോടെയാണ് ഈ പ്രദേശത്തിന് 'പാകിസ്ഥാൻ വാലി ഗലി' എന്ന പേര് ലഭിച്ചത്. എന്നാൽ തങ്ങളുടെ പൂർവികരിൽ ചിലർ പാകിസ്ഥാനിൽ നിന്ന് വന്നവരാണെന്നത് തങ്ങളുടെ തെറ്റല്ലെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പൂർവികരിൽ നാല് പേർ മാത്രമാണ് പാകിസ്ഥാനിൽ നിന്ന് വന്നത്. എന്നാൽ ഇവിടുത്തുകാരുടെ ആധാർ കാർഡിൽ പോലും പാകിസ്ഥാൻ ഗാലി വാലി എന്ന് എഴുതിയിട്ടുണ്ട്. ഇത് ഇവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നിവ നിഷേധിക്കാൻ പോലും ഇടവരുത്തുന്നുണ്ടെന്നാണ് ഇവരുടെ പരാതി. അറുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.