മീററ്റ്: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ പിടികൂടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ്. അക്രമം നടത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. ഇവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു.
നൂറിലധികം കലാപകാരികളെ സിസിടിവി ദൃശ്യങ്ങളിലൂടെയും മറ്റ് വീഡിയോകളിലൂടെയും തിരിച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും പൊലീസ് പറയുന്നു. 50,000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മീററ്റില്‍ മാത്രം പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇരുന്നൂറ്റി അമ്പതോളം അറസ്റ്റുകള്‍ നടന്നതായാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച മീററ്റിൽ നടന്ന പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. മീററ്റ്, ബഹ്‌റൈച്ച്, ബറേലി, വാരണാസി, ഭാദോഹി, ഗോരഖ്‌പൂര്‍, സംബാൽ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ മരിച്ചു.