ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേരുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പിൽ ഉയര്‍ത്തിക്കാണിക്കേണ്ട വിഷയങ്ങളും സ്വീകരിക്കേണ്ടുന്ന പ്രചരണ പരിപാടിയും, സഖ്യ സാധ്യതകളും യോഗത്തിൽ ചർച്ചാ വിഷയമാകും. ഓരോ സംസ്ഥാനത്തിന്‍റേയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ അതത് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തു എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിക്ക് കിഴക്കൻ ഉത്തർപ്രദേശിൽ ചുമതല ലഭിച്ചതിന് ശേഷം പങ്കെടുക്കുന്ന ആദ്യ യോഗം എന്ന പ്രത്യേകതയും ഇതിനുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നടത്തേണ്ടുന്ന റാലികളെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള റാലികൾക്കായും കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്. നിയമസഭ കക്ഷി നേതാക്കളുടെയും, പി.സി.സി അധ്യക്ഷന്മാരുടെയും യോഗം രാഹുൽ ഗാന്ധി ശനിയാഴ്ച്ച വിളിച്ചിട്ടുണ്ട്.