ലഖ്‌നൗ (ഉത്തര്‍പ്രദേശ്): റോഡപകടത്തെ തുടർന്ന് ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ചികിത്സിച്ചത് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍. ഷിക്കോഹാബാദിലെ ജില്ലാ കംമ്പയിന്‍റ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്നാണ് തലയ്ക്ക് പരിക്കേറ്റ രോഗിക്ക് തുന്നല്‍ അടക്കമുള്ള ചികിത്സ മൊബൈല്‍ ഫോണിന്‍റെ അരണ്ട വെളിച്ചത്തില്‍ നല്‍കിയത്.
പരിക്കേറ്റ് ചികിത്സ തേടിയ ആളുടെ മകനായ മനോജ് കുമാറാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. പിതാവിനെ ചികിത്സിക്കുമ്പോൾ ഡോക്ടറുടെ സാന്നിധ്യം പോലും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ആശുപത്രി ജീവനക്കാരനും സഹായിയും മാത്രമാണ് ആ സമയം മുറിയില്‍ ഉണ്ടായിരുന്നതെന്നുമാണ് മകന്‍ ആരോപിക്കുന്നത്. അതേസമയം ഇൻവെർട്ടർ തകരാറായത് കാരണമാണ് വൈദ്യുതി വിതരണം നിലച്ചതെന്നും ചീഫ് മെഡിക്കല്‍ ഓഫീസറെ ഇക്കാര്യം അറിയിക്കുമെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.