ലഖ്‌നൗ: ഉയർന്ന നിരക്കിൽ മദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. മദ്യവിൽപ്പനക്കാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. നിശ്ചിത എംആർപിയേക്കാൾ ഉയർന്ന നിരക്ക് മദ്യവിൽപ്പനക്കാർക്ക് ഈടാക്കാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി രാം നരേഷ് അഗ്നിഹോത്രിയുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി (എക്സൈസ്) സഞ്ജയ് ആർ ഭൂസ്രെഡി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വാങ്ങുന്നവർ എംആർപിയെക്കാൾ കൂടുതൽ പണം നൽകേണ്ടതില്ലെന്നും ഭൂസ്രെഡി പറഞ്ഞു. അമിത ചാർജ് ഈടാക്കിയ മദ്യവിൽപ്പനക്കാരിൽ നിന്ന് 75,000 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുന്ന പക്ഷം 1.5 ലക്ഷം രൂപയും വീണ്ടും തുടരുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
ജോയിന്‍റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ എക്സൈസ് ഓഫീസർ, മറ്റ് സബോർഡിനേറ്റുകൾ എന്നിവരുൾപ്പെടെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും സർക്കാർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അനധികൃതമായി മദ്യം വിൽക്കുന്നതിനെതിരെ മാർച്ച് 25 ന് പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. സംസ്ഥാനത്തെ അനധികൃത മദ്യവ്യാപാരം പൂർണമായും നിയന്ത്രിക്കുന്നതിനും അനധികൃത മദ്യ നിർമാണം, വിൽപ്പന, ഗതാഗതം, കള്ളക്കടത്ത് എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.