ന്യൂഡൽഹി: ഉത്തർപ്രദേശിലെ കർഷകർ അവരുടെ വിളകൾ താങ്ങുവിലയിലും താഴെ വിൽക്കാൻ നിർബന്ധിതരാവുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങളെ എതിർത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രിയങ്കയുടെ പ്രസ്‌താവന. ബിജെപി സർക്കാർ കർഷകരെ ശ്രദ്ധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിലൂടെ വിമർശിച്ചു. മുഹമ്മദി ഖിരി മണ്ഡിയിൽ വിള സംഭരണത്തിൽ അഴിമതി ആരോപിക്കുന്ന ഒരു കർഷകന്‍റെ വീഡിയോയും അവർ ട്വിറ്ററിലൂടെ പങ്കുവെച്ചു.
യുപിയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കർഷകർ നെല്ല് ക്വിന്‍റലിന് 1,000 മുതൽ 1,100 രൂപ വരെ വിലക്ക് വിൽക്കാൻ നിർബന്ധിതരാകുന്നു. ഇത് ക്വിന്‍റലിനു നിശ്ചയിച്ച താങ്ങുവിലയായ 1,868 രൂപയിൽനിന്നും 800 രൂപ കുറവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് നടക്കുന്നത് താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളപ്പോളാണെന്നും അത് എടുത്ത് മാറ്റിയാൽ എന്താവും സ്ഥിതിയെന്നും പ്രിയങ്ക ചോദിച്ചു. രാജ്യത്ത് പലയിടത്തും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും നടത്തുന്ന കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടയിലാണിത്. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് എംഎസ്‌പി ഉറപ്പുനൽകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം എംഎസ്‌പിയുമായി മുന്നോട്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷികമേഖലയിലെ പരിഷ്‌കാരങ്ങളെ രാജ്യത്തെ കാർഷിക മേഖല മെച്ചപ്പെടുത്തുന്നതും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതുമായ വളരെ പ്രധാനപ്പെട്ട ഒരു നടപടിയെന്ന് വിശേഷിപ്പിക്കുകയും എംഎസ്‌പിയും സർക്കാർ സംഭരണവും തുടരുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.