ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 218.50 കോടി രൂപ സ്വയം സഹായ സംഘങ്ങൾക്ക് കൈമാറി. റിവോൾവിങ് ഫണ്ട്, കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് എന്നിവ 31,938 സ്വയം സഹായ സംഘങ്ങൾക്ക് ഓണ്‍ലൈനായാണ് കൈമാറിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക നല്‍കിയത്.
കൊറോണ വൈറസ് എന്ന മഹാമാരിയെ നമുക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന മുൻനിര പോരാളികൾ ഇതിനായി തുടർച്ചയായി പ്രവർത്തിക്കുന്നു. ഇവർക്ക് മാസ്‌കുകൾ നിര്‍മിച്ച് നൽകുന്നതിനായി വനിതകളുടെ സ്വയം സഹായ സംഘങ്ങൾ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്. പിപിഇ കിറ്റുകളടക്കം നിര്‍മിക്കുന്നതില്‍ പലരും പങ്കാളികളായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മികച്ച പ്രവര്‍ത്തനമാണ് വനിതാ സ്വയം സഹായ സംഘങ്ങള്‍ ചെയ്യുന്നത്. മികച്ച പ്രോത്സാഹനവും മാര്‍ഗ നിര്‍ദേശങ്ങളും ലഭിച്ചാല്‍ അവര്‍ ഇനിയും മുന്നേറുമെന്നും സ്വയം സഹായ സംഘങ്ങൾക്ക് ഈ തുക പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ പുനരുദ്ധാരണത്തിന് അടിയന്തര സഹായമായി 15 കോടി രൂപയുടെ ആദ്യ ഗഡു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് വിതരണം ചെയ്‌തിരുന്നു. ഡാറ്റാ അനലിറ്റിക്‌സ് മുതൽ ഡിസൈൻ ചിന്തകൾ വരെയുള്ള വിഷയങ്ങളിൽ യുവ സംരംഭകർക്ക് ഓൺലൈൻ കോഴ്‌സുകൾ നൽകുന്നതിനായി കേന്ദ്ര സർക്കാർ ഒരു സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് ആരംഭിക്കുന്ന എല്ലാവര്‍ക്കും പരസ്‌പരം ഇടപഴകുന്നതിനും അറിവ് കൈമാറുന്നതിനും വളരെ ചലനാത്മകമായ അന്തരീക്ഷത്തിൽ വിജയകരമായ പങ്കാളിത്തം ഉണ്ടാക്കുന്നതിനുമുള്ള ഒരൊറ്റ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.