ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിനെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം. (ഗാസിയാബാദിലെ ലോനി) ഉന്നത സർക്കാർ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയ സംഭവം ബിജെപി എംഎൽഎ നന്ദ കിഷോർ ഗുജ്ജർ നിയമസഭയിൽ സംസാരിക്കവെ സ്പീക്കർ ഇടപെട്ട് പ്രസംഗം തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതെത്തുടർന്ന് നന്ദ കിഷോറിനെ പിന്തുണച്ച് മറ്റ് ബിജെപി എംഎൽഎമാർ രംഗത്തെത്തുകയായിരുന്നു. 70 ഓളം ബിജെപി എംഎൽഎമാർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്.
അതെ സമയം, 150 ഓളം എംഎൽഎമാർ സർക്കാരിനെതിരെ രംഗത്തെത്തിയെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. നന്ദ കിഷോറിനെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി എംഎൽഎമാർ രംഗത്തെത്തിയതോടെ നിയമസഭ സമ്മേളനം അവസാനിപ്പിക്കാൻ സ്പീക്കർ തീരുമാനമെടുത്തു. ഇതെത്തുടർന്ന് പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ ലോബി ഏരിയയിൽ യോഗം ചേർന്നു. തുടർന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയും പാർലമെന്‍ററി കാര്യമന്ത്രി സുരേഷ് ഖന്നയും ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഗാസിയാബാദിലെ ഉദ്യോഗസ്ഥർ മാപ്പ് ചോദിക്കുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് എംഎൽഎമാർ അറിയിച്ചു.
ബുധനാഴ്ച വരെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്നും അതിനുള്ളിൽ തങ്ങൾക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും നിയമസഭാംഗങ്ങൾ സ്പീക്കറെ അറിയിച്ചു. തുടർന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് സ്പീക്കർ ഹൃദ്യ നാരായൺ ദീക്ഷിത് ഉറപ്പുനൽകുകയായിരുന്നു. 169 ബിജെപി എംഎൽഎമാർ സ്വന്തം സർക്കാരിനെതിരാണെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎയും പ്രതിപക്ഷ നേതാവുമായ രാം ഗോവിന്ദ് ചൗധരി ആരോപിച്ചു. ഈ സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിൽ തുടരാൻ യോഗ്യതയല്ലെന്നും പ്രതിപക്ഷം പറയുന്നു.