ന്യൂഡല്‍ഹി: വിചാരണ നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് ഉന്നാവ് പീഡനക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. ശശി സിംഗാണ് വിചാരണ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉന്നാവ് പീഡന കേസ് പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെൻഗാറിന്‍റെ പ്രധാന സഹായിയാണ് ശശി സിംഗ്. 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് പറയുന്നതില്‍ നിര്‍ബന്ധമില്ലെന്നും സമമഗ്രവും നീതിയുക്തവുമായ അന്വേഷണമാണ് വേണ്ടതെന്നും ശശി സിംഗ് കോടതിയെ അറിയിച്ചു.
നിലവില്‍ പീഡനവുമായി ബന്ധപ്പെട്ടുള്ള അഞ്ചുകേസുകളിലും കുറ്റാരോപിതനാണ് പ്രതിയായ ശശി സിംഗ്. അതേ സമയം വാഹനാപകട കേസിന്‍റെ കുറ്റപത്രം നല്‍കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതി സി.ബി.ഐയുടെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും. സെഗാറിന്‍റെ സഹായികള്‍ ഇരയായ പെണ്‍കുട്ടിയ്ക്ക് അയച്ച ഭീഷണി കത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് കൈകാര്യം ചെയ്യാൻ സുപ്രീം കോടതി പ്രത്യേക ജഡ്‌ജിയെ നിയോഗിക്കുകയും ചെയ്‌തിരുന്നു. വിചാരണ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ജഡ്‌ജിയെ നിയോഗിച്ചത്. ജൂലൈ ഇരുപത്തിയെട്ടിനാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അഭിഭാഷകനും അമ്മായിമാരും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില ഭേദപ്പെട്ടതായാണ് വിവരം.