കൊൽക്കത്ത: രാവിലെ ഒരു കപ്പ് ചായയുമായി ദിവസം ആരംഭിക്കുന്നവർക്ക് ശുഭവാർത്ത. കീടനാശിനി പ്രയോഗം കൊണ്ട് രോഗസാധ്യതകൾ നിറയുന്ന തേയിലയ്ക്ക് കീടനാശിനി പ്രയോഗത്തില്‍ നിന്ന് മോചനം എന്നതാണ് തേയില ഉല്‍പ്പാദനത്തില്‍ പ്രസിദ്ധമായ ഡാർജിലിങ്, ടെറായ് മേഖലകളില്‍ നിന്നുള്ള വിവരം. കീടങ്ങളുടേയും പുഴുക്കളുടേയും വലിയ ഭീഷണിയാണ് തേയില കർഷകർ നേരിടുന്നത്. കനത്ത മഴയെ അതിജീവിച്ചും കീടനാശിനി പ്രയോഗം നടത്തിയാണ് തേയില കൃഷി വിജയിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു.
തേയില ഉല്‍പ്പാദനത്തിന് പ്രശസ്‌തമായ ഡാര്‍ജിലിങ്ങ് കുന്നുകളിലും ജല്‍പായ്ഗുരി, അലിപര്‍ദ്വാര്‍, കൂച്ച്ബിഹാര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട ടെറായ് മേഖലയിലും ഉത്തര്‍ ദിനാജ്‌പൂരിലെ ചില ഭാഗങ്ങളിലുമെല്ലാം കീടനാശിനി പ്രയോഗം വ്യാപകമാണ്. സുക്‌നാ തേയില തോട്ട മാനേജർ ഭാസ്‌കര്‍ ചക്രബര്‍ത്തി പറയുന്നത്, ലൂപ്പര്‍ കാറ്റര്‍പില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കമ്പിളി പുഴുക്കളാണ് പശ്ചിമ ബംഗാളിലെ തേയില തോട്ടങ്ങൾക്ക് ഭീഷണിയെന്നാണ്. ഗ്രീന്‍ ഫ്ലൈ എന്ന് വിളിക്കുന്ന പച്ച ഈച്ചകളാണ് അവ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിനാശകാരികൾ. ഇതിനൊക്കെ പുറമേയാണ് തേയിലയിൽ ഉണ്ടാകുന്ന ചുവന്ന കുത്തുകള്‍. “ഇലപ്പേനിന്‍റെ വിവിധ വർഗങ്ങള്‍ തേയിലയെ ബാധിക്കുകയും അവ തേയില മൊട്ടുകളും തളിരിലകളും വിളവെടുക്കാറായ ഇലകളും തിന്ന് നശിപ്പിച്ച് കനത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്യും. അവയെ നേരിടാൻ കീടനാശിനി ഉപയോഗിക്കേണ്ടി വരും. അതോടൊപ്പം കീടനാശിനി ഉപയോഗത്തിന് കർശന മാർഗ നിർദേശങ്ങളും ഇപ്പോഴുണ്ടെന്ന് ചക്രബര്‍ത്തി വ്യക്തമാക്കി.
ടെറായ് മേഖലയിലെ ദഗര്‍പൂര്‍ തേയില തോട്ടത്തിലെ മാനേജരായ സന്ദീപ് ഘോഷിനും ചക്രബര്‍ത്തിയുടെ അതേ അഭിപ്രായമാണുള്ളത്. “ചില ചെറുകിട തേയില തോട്ടങ്ങള്‍ അമിതമായി കീടനാശിനി ഉപയോഗിക്കുന്ന പ്രവണതയുള്ളവരാണെങ്കിലും വലിയ തോട്ടങ്ങളില്‍ അത് ഒരിക്കലും സംഭവിക്കുന്നില്ല. എന്നാല്‍ അമിതമായി കീടനാശിനികള്‍ ഉപയോഗിക്കുന്നത് തേയില ബാച്ചുകളും കണ്‍സൈൻമെന്‍റുകളും ഇല്ലാതാക്കുന്നതിന് കാരണമാകും എന്നത് ഇക്കാലത്ത് അവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. അമിതമായ കീടനാശിനികള്‍ തളിച്ച് തേയില വളര്‍ത്തുന്ന കാര്യം ഇപ്പോള്‍ ആരും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തേയില തോട്ടങ്ങളില്‍ കീടനാശിനികളുടെ ഉപയോഗത്തിന് കടുത്ത മാർഗ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ടീ ബോര്‍ഡ് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിആര്‍ഐ), വടക്ക് കിഴക്കന്‍ ഇന്ത്യക്കായുള്ള ടീ റിസര്‍ച്ച് അസോസിയേഷന്‍ (ടിആര്‍എ), യുപിഎഎസ്, ദക്ഷിണേന്ത്യക്കായുള്ള ഐടി റിസര്‍ച്ച് ഫൗണ്ടേഷന്‍ (ടിആര്‍എഫ്) എന്നിവയുമായി ചേർന്നാണ് ഒരു സമഗ്ര തേയില സംരക്ഷണ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഫോര്‍മുലേഷന്‍സ് (പിപിഎഫ്എസ്) എന്നിവ നിശ്ചയിച്ചിരിക്കുന്ന ഭക്ഷ്യ സുരക്ഷാ നിലവാരം നടപ്പില്‍ വരുത്തുന്നതാണ് ഈ നിയമം. 1968ലെ കീടനാശിനി നിയമത്തിനു കീഴില്‍ രൂപം കൊടുത്തിട്ടുള്ള രജിസ്‌ട്രേഷന്‍ കമ്മിറ്റി ഓഫ് സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ്‌സ് ബോര്‍ഡ് (സിഐബി) അംഗീകരിച്ചിട്ടുള്ള കീടനാശിനി ഉപയോഗ മാർഗ നിർദേശങ്ങള്‍ ആണിത്. സിഐബിക്കാണ് പുതിയ കീടനാശിനികളുടെ ഡാറ്റാ ആവശ്യങ്ങള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്തം. അനുവദിക്കപ്പെട്ട പരിധിക്ക് മുകളില്‍ ഭക്ഷ്യ വസ്തുക്കളില്‍ അമിതമായി കീടനാശിനികളുടെ അംശം ബാക്കിയാവുന്ന വിധത്തില്‍ കീടനാശിനി ഉപയോഗം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നത് ഈ സ്ഥാപനമാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളായ ഇപിഎ, എഫ്എഒ, ഡബ്ല്യുഎച്ച്ഒ, കോഡക്‌സ് എന്നിവയുമായും കീടനാശിനി അവശിഷ്ട അളവ് കൃത്യമാക്കുന്ന മറ്റ് കമ്മിറ്റികളുമായും മധ്യസ്ഥം വഹിക്കുന്നത് ടീ ബോര്‍ഡാണ്.
“ഏകപക്ഷീയമായി കീടനാശിനികള്‍ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എല്ലാ പ്ലാന്‍റര്‍മാരും നിശ്ചയമായും പാലിച്ചിരിക്കേണ്ട ഒന്നാണ് ഷെഡ്യൂള്‍ഡ് ചെയ്യപ്പെടാത്ത കീടനാശിനികള്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്നുള്ള നിബന്ധന,'' ഇന്ത്യന്‍ ടീ പ്ലാന്‍റേഴ്‌സ് അസോസിയേഷൻ മുഖ്യ ഉപദേശകനായ അമൃതാന്‍ഷു ചക്രബര്‍ത്തി പറയുന്നു. പശ്ചിമ ബംഗാളിലെ തേയിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി ആർജ്ജിച്ചതാണ് ഡാര്‍ജിലിങ്ങ് തേയില. “രാസവസ്തുക്കള്‍ ഇല്ലാത്ത ജൈവ ഉൽപന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. അതിനാല്‍ ഡാര്‍ജിലിങ്ങ് കുന്നുകളിലെ തോട്ടങ്ങളെല്ലാം കീടനാശിനികള്‍ ഉപയോഗിക്കാതെ സമ്പൂർണമായും ജൈവമായി മാറുകയാണ്. അധികം താമസിയാതെ ഇക്കാര്യത്തില്‍ നൂറു ശതമാനം ലക്ഷ്യം ഞങ്ങള്‍ കൈവരിക്കും. യുഎസ്എ, ജര്‍മനി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളിലേക്കാണ് ഡാര്‍ജിലിങ്ങില്‍ ഉൽപാദിപ്പിക്കുന്ന തേയിലയില്‍ അധികവും കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളില്‍ വളരെ ഉന്നത നിലവാരമുള്ള പരിശോധനകളാണ് നടക്കുന്നത്. അതിനാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള പിഴവുകളും ഉണ്ടായി കൂടാ,'' ഡാര്‍ജിലിങ്ങ് ടീ അസോസിയേഷൻ ചെയര്‍മാന്‍ ബിനോദ് മോഹന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഡാര്‍ജിലിങ്ങില്‍ വിളയുന്ന തേയിലകള്‍ ഒന്ന്, രണ്ട് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവക്കാണ് ഏറ്റവും അധികം ആവശ്യക്കാരുള്ളവ. വര്‍ഷകാലത്തേയും ശരത്കാലത്തേയും ഫ്‌ളഷുകളാണ് രണ്ടാമത്തേത്. തോട്ടങ്ങള്‍ വെട്ടി ഒതുക്കി ശരത്കാലത്തിനു വേണ്ടി കാത്തിരിക്കുന്നതിനു മുമ്പായി അതുവരെ ഉൽപാദിപ്പിച്ചവയെല്ലാം സംസ്‌കരിച്ച് പാക്ക് ചെയ്തു കഴിഞ്ഞിരിക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കീടങ്ങളുടെ ആക്രമണം ഉണ്ടാവുന്നതെന്നും ചിലപ്പോള്‍ അത് സെപ്റ്റംബറിലും സംഭവിക്കാറുണ്ടെന്നും ടീ അസോസിയേഷന്‍ ഇന്ത്യ ഉദ്യോഗസ്ഥൻ (ടിഎഐ) റാം അവതാര്‍ ശര്‍മ്മ വിശദമാക്കി. “ടെറായ് മേഖലയില്‍ ഞങ്ങള്‍ക്ക് കീടങ്ങളേയും പുഴുക്കളേയും കീടനാശിനികള്‍ കൊണ്ട് നേരിടേണ്ടി വരും. എന്നാല്‍ ഷെഡ്യൂള്‍ഡ് ചെയ്യാത്ത കീടനാശിനികള്‍ നിരോധിച്ചിട്ടുണ്ട്. ടീ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ള മാർഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ് തോട്ടങ്ങള്‍,'' ശര്‍മ്മ പറഞ്ഞു. വീര്യം കൂടിയ കീടനാശിനികള്‍ എല്ലാം ഭൂതകാലത്തേക്ക് മറഞ്ഞു കഴിഞ്ഞു. അവയെല്ലാം തേയില തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത് പ്ലാന്‍റര്‍മാര്‍ അവസാനിപ്പിച്ചിരിക്കുന്നു. പച്ച മരുന്നുകളും മറ്റ് കളകളും ഉപയോഗിച്ച് സ്വയം ഉൽപാദിപ്പിക്കുന്ന ജൈവ ലായനികളെയാണ് കീടങ്ങളെ അകറ്റുവാന്‍ വലിയ തോതില്‍ ആശ്രയിക്കുന്നത്. ചാണകം, ആര്യവേപ്പില നീര്, കടുക് അരച്ചത്, ആര്യവേപ്പില എണ്ണ, അസോട്ടോബാക്ടര്‍ എന്ന ബാക്ടീരിയ എന്നിവയൊക്കെയാണ് തേയില തോട്ടങ്ങളിലെ കീടനാശിനി ആക്രമണങ്ങളെ കുറയ്ക്കുവാനുള്ള ബദല്‍ വഴികളായി ഇപ്പോൾ ഉപയോഗിക്കുന്നത്. പശ്ചിമ ബംഗാളിലെ തേയില വ്യവസായം ഹരിത വഴികളിലൂടെ മുന്നേറുകയാണ്. ചായ പ്രേമികൾ പറയാന്‍ പോകുന്നത് ഇനി “ഞങ്ങള്‍ക്ക് ഒന്നും പേടിക്കാതെ ചായ കുടിക്കാം” എന്നാണ്.