ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് പുതിയ നേതാവിനെ കണ്ടെത്തണമെന്ന് ശശി തരൂർ എംപി. സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്‍റായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പാർട്ടിയുടെ ചുമതല അനിശ്ചിത കാലത്തേയ്ക്ക് സോണിയ ഗാന്ധിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണെന്നും ശശി തരൂർ പറഞ്ഞു. ഓഗസ്റ്റ് പത്തിന് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയില്‍ സോണിയ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തരൂരിന്‍റെ പ്രതികരണം.
നേതൃത്വം പുനരാരംഭിക്കാൻ രാഹുൽ ഗാന്ധി തയാറാണെങ്കിൽ അദ്ദേഹം രാജി പിൻവലിക്കണം. 2017 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായിരുന്നു എന്നത് കൊണ്ട് പാര്‍ട്ടി പ്രവർത്തകരും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും (സിഡബ്ല്യുസി) മറ്റെല്ലാവരും അദ്ദേഹത്തിന്‍റെ തിരിച്ചു വരവ് അംഗീകരിക്കുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
അതേസമയം, പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല പ്രസിഡന്‍റായി തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. ശരിയായ നടപടിക്രമം നടപ്പാക്കുന്നതുവരെ സോണിയ ഗാന്ധി പ്രസിഡന്‍റായി തുടരും, ഭാവിയിൽ ഇത് നടപ്പാക്കില്ലെന്നും അഭിഷേക് മനു സിംഗ്വി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജസ്ഥാനിലെ രാഷ്ട്രീയ സംഘർഷം അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് തരൂർ കൂട്ടിചേർത്തു. സച്ചിൻ ഒരു ഘട്ടത്തിലും പാർട്ടിക്കെതിരെയും പാർട്ടിയുടെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും ദേശീയ നേതാക്കൾക്കും എതിരായിരുന്നില്ല. സംസ്ഥാനത്തിനകത്തെ ഒരു പ്രശ്നത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. അത് പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ന്യായവുമാണ്. അതുകൊണ്ട് തന്നെ സച്ചിൻ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ വരുന്നു എന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.