മുംബൈ: ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്രമോദിക്ക് ക്ഷണം. താക്കറെ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ക്ഷണിച്ചതെന്ന് ശിവസേനയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വൈകിട്ട് 6.40ന് ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി ഉള്‍പ്പെട്ട മഹാവികാസ് അഖാഡിയുടെ നേതൃത്വത്തില്‍ ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി താക്കറെ സത്യപ്രതിജ്ഞ ചെയ്യും.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 400 ഓളം കർഷകര്‍ക്കും ക്ഷണമുണ്ട്. ത്രികക്ഷി സഖ്യത്തിന്‍റെ നേതാവായി താക്കറെയെ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാനാകതെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് താക്കറെ സ്ഥാനമേല്‍ക്കുന്നത്. 288 അംഗ മന്ത്രിസഭയില്‍ ബുധനാഴ്ച്ച അഞ്ച് മണിക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഫഡ്‌നവിസിനോട് ആവശ്യപ്പെട്ടിരുന്നു.